Search
  • Shahabaz Aman

"നിങ്ങളുടെ കാലുകൾ നിങ്ങളുടെ കാലുകളല്ല"
കോവിഡ് 19 ‌ ചെയ്തത്:

----

ഒന്ന് എന്താണോ അതിനെ രണ്ടിരട്ടിയാക്കി.


ഉദാഹരണം:

സംഘിയെ ഇരട്ടി സംഘി.

സംശയാലുവിനെ ഇരട്ടി സംശയാലു.

ഒപ്റ്റിമിസ്റ്റിക്കിനെ ഇരട്ടി ഒപ്‌റ്റിമിസ്റ്റിക്.‌

ക്രിമിനലിനെ ഇരട്ടി ക്രിമിനൽ.

പാറ്റ സദാചാരവാദികളെ ഡ്രാഗൺ സൈസ്‌!

അന്ധവിശ്വാസികളെ ഇരട്ടി അന്ധവിശ്വാസികൾ.

തീവ്രവാദികളെ ഇരട്ടി തീവ്രവാദികൾ.

രാഷ്ട്രീയക്കാരെ പക്കാ രാഷ്ട്രീയക്കാർ.

അതേ സമയം ശാന്തരെ അത്‌ ഇരട്ടി ശാന്തരാക്കി.

നല്ലവരെ ഇരട്ടി നല്ലവർ!

കാരുണ്യവാന്മാരെ ഇരട്ടി കാരുണ്യവാന്മാർ!

ഒന്നിലും പെടാത്തവരെ തീരെ ഒന്നിലും പെടാത്തവർ!

ഇതിൽ അപകടം സംഭവിച്ചതെന്താണെന്ന് വെച്ചാൽ

ഫാഷിസത്തിന്റെ ഇരട്ടിപ്പാണു.‌ എന്ന് പറഞ്ഞാൽ‌ സാധാരണനിലക്ക്‌ തന്നെ നമുക്ക്‌ താങ്ങാവുന്നതിന്റെ നാലിരട്ടിയാണതിന്റെ കനം!

ഒരു ഫാഷിസ്റ്റിനു‌ നിലവിൽത്തന്നെ നാലിരട്ടി ക്രൂരതയുണ്ട് എന്നകാര്യം എല്ലാവർക്കും അറിയാം ‌.

നാലിരട്ടി വക്രബുദ്ധിയും ഉണ്ട്‌‌.

അത്‌ മൾട്ടിപ്ലൈ ചെയ്തിരിക്കയാണു,ഈ കോവിഡ്‌ കാലത്ത്‌ എന്ന് പറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ള ആർക്കും ഊഹിക്കാവുന്നതേയുള്ളു അതുണ്ടാക്കുന്ന ആപത്തിന്റെ വ്യാപ്തി!രോഗമുണ്ടെന്നറിഞ്ഞിട്ടും

ഒരിക്കലും ക്വാറന്റൈനിൽ പോകാൻ കൂട്ടാക്കാതിരുന്ന ഫാഷിസം, മാസ്ക്‌ ധരിക്കാതെ,അകലം പാലിക്കാതെ ചിറിയിൽ നിന്നും വിഷം തെറിപ്പിച്ച്‌ നമ്മുടെ സമൂഹത്തിൽ കിടന്ന് വിലസുകയായിരുന്നു കഴിഞ്ഞ ആറേഴുമാസക്കാലമായി അതുവരെ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിക്കിരട്ടി ശക്തിയിൽ! നല്ലവരായ മനുഷ്യരിലേക്ക്‌ അത്‌ പടർത്തിക്കൊണ്ടിരിക്കുന്ന/പടർത്തിക്കഴിഞ്ഞ ദുരന്തത്തിന്റെ വ്യാപ്തി പൂർണ്ണമായും വെളിപ്പെടണമെങ്കിൽ നാളുകൾ ഇനിയുമെടുക്കും! ഇപ്പോൾ നടക്കുന്ന UAPA അറസ്റ്റൊക്കെ കേവലം ലക്ഷണങ്ങൾ മാത്രമാണു! വലിയത്‌ വരാനിരിക്കുന്നു.ഇനിയെങ്കിലും ഫാസിഷ്സ്റ്റ്‌ മനോഭാവത്തോടും അതിന്റെ നേരിയ ലാഞ്ചന പോലുമുള്ള ആളുകളോടും സോഷ്യൽ ഡിസ്റ്റൻസിംഗ്‌ പാലിച്ചില്ലെങ്കിൽ ആർക്കും ഒരു ചികിൽസാകേന്ദ്രത്തിലും സ്ഥലം തികയാതാകും ! ഒരിക്കലും നേരാവാത്ത വിധം അടഞ്ഞ മാനസിക നിലയുള്ളവരെ ദൂരെ കണ്ടാൽത്തന്നെ സ്വയം സാനിറ്റൈസ്‌ ചെയ്യുക! ഒഴിഞ്ഞ്‌ പോവുക!


ശരിയാണു.ആരൊക്കെ നിലവിൽ അപകടവാഹകരാണെന്നറിയാൻ പ്രത്യേകം സംവിധാനമൊന്നുമില്ല! ചിലപ്പോൾ തൊട്ടടുത്തിരുന്ന് നിങ്ങളോട്‌ ചിരിച്ച്‌ പെരുമാറുന്നയാൾ നല്ലൊരു 'വാഹക്‌' ആവാം.എന്ത്‌ ചെയ്യാൻ പറ്റും? പൊതുവേ ഈ വൈറസുമൊത്ത്‌ ജാഗ്രതയോടെ ജീവിക്കുകയേ വഴിയുള്ളു എന്ന് വിദഗ്ദർ പറയുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും നന്നായി ശ്രദ്ധിക്കുക എന്നല്ലാത്ത മറ്റൊരു മാർഗ്ഗവും നമ്മുടെ മുമ്പിലില്ല! സമ്പർക്കമാണു ഏറ്റവും അപകടം! അതീവ ജാഗ്രത! അതിൽ അപ്പുറവുമില്ല ഇപ്പുറവുമില്ല. എന്നാലും ഫാഷിസം നിങ്ങളെ ബാധിക്കയില്ലെന്ന് ഒരു തരത്തിലും ഉറപ്പ്‌ പറയാനാവില്ല.ആർക്കും വരാവുന്ന സംഗതിയാണു! ഉദാഹരണങ്ങളും തെളിവുകളും അന്തരീക്ഷത്തിൽ വളരെയധികമുണ്ട്‌! കരുതിയിരിക്കുക! ഫാഷിസം വീട്ടുവാതിൽക്കലുണ്ട്‌! ഇപ്പോളാണെങ്കിൽ കൈ അണുനാശിനി ഉപയോഗിച്ച്‌ നന്നായി കഴുകിയാൽ മതി! പക്ഷേ വായുവിലൂടെ പടരുന്ന അവസ്ഥ വെറുതെ ഒന്നാലോചിച്ച്‌ നോക്കൂ! ഭാഗ്യത്തിനു അത്രയും എത്തിയിട്ടില്ല.അത്‌ കൊണ്ട്‌ സാമൂഹ്യമായ ജാഗ്രതയോടൊപ്പം തന്നെ പെർസ്സണൽ ഹൈജീൻ എന്ന് പറയുന്ന സംഗതിക്ക്‌ ഭയങ്കര പ്രാധാന്യം കൊടുക്കുക! എന്തൊക്കെ നഷ്ടം സംഭവിച്ചാലും ജീവൻ ബാക്കിയുണ്ടെങ്കിൽ നമുക്ക്‌ കാര്യങ്ങളൊക്കെ പതുക്കെപ്പതുക്കെ ഉണ്ടാക്കിയെടുക്കാമല്ലൊ. അത്‌ കൊണ്ട് ജാതിമതവർഗ്ഗഭേദമന്യേ‌ എല്ലാ തരം ഫാഷിസങ്ങളിൽ നിന്നും എല്ലാ വിധ സംഘിത്തമനോഭാവങ്ങളിൽ നിന്നും സ്വമേധയയാ ഒഴിഞ്ഞ്‌ നിൽക്കുക! നല്ല തരം അരമുഖമക്കനയണിയുക! ആവശ്യമായ അടുപ്പത്തോടൊപ്പം ആവശ്യമായ അകലവും പാലിക്കുക.! സ്റ്റേ സെയ്ഫ് യുവർസ്സെൽഫ്‌ ‌! ശ്രദ്ധ!ശ്രദ്ധ! ശ്രദ്ധ! ശ്രദ്ധ ഇല്ലാതാകുന്നത്‌ വരെ ശ്രദ്ധയോടു കൂടിയായിരിക്കണം! അത്രേയുള്ളു! അതേയുള്ളു ഏക വഴി!


[നിർബന്ധമായും ഇതിനോടൊപ്പം‌ കൂട്ടിച്ചേർക്കേണ്ട കാലികമായ ഒരു അനുബന്ധം കൂടിയുണ്ട്‌.അതിനെ നമുക്ക്‌ "നിങ്ങളുടെ കാലുകൾ നിങ്ങളുടെ കാലുകളല്ല" എന്ന ഉപസംസർഗ്ഗമായി തുടർന്ന് വായിക്കാം]


"നിങ്ങളുടെ കാലുകൾ നിങ്ങളുടെ കാലുകളല്ല"


അതായത്‌ കാലുകളുടെ പ്രശ്നം കാലുകളുടെ മാത്രം പ്രശ്നമല്ല! ഉച്ചക്ക്‌ ചോറിനുണ്ടാവുകയില്ലേ എന്ന് ' സ്വന്തം കൂടാരത്തിലേക്ക്‌' 'തലയെണ്ണം' എടുക്കുന്നതിന്റെയും കൂടിയാണു! വ്യത്യസ്ഥ ഡെസ്റ്റിനേഷനുകളിലേക്ക്‌‌ ട്രിപ്പ്‌ വിളിക്കുന്ന ഡിഫറണ്ട്‌ ആങ്ങളമാരെ(പാട്രിയാർക്കിക്കൽ) നിരീക്ഷിച്ചാൽ അത്‌ വേഗം ബോധ്യമാകും‌! പക്ക പൊളിറ്റിക്കലും ജാതിപരവും മതപരവും കൂടിയാണു സംഭവം!അത്‌ കൊണ്ട്‌ ആർട്ടിസ്റ്റുകൾ ( പെൺകുട്ടികൾ മാത്രമല്ല ) സ്വന്തം രാഷ്ട്രീയം എന്താണെന്ന് എപ്പോഴെങ്കിലും നല്ല ഒരു സന്ദർഭം നോക്കി ഒരു ചെറു സൂചന കൊണ്ടെങ്കിലും(അധികമൊന്നും വേണമെന്നില്ല) ഓരോ കോർട്ടുകളിലേക്കും കൃത്യമായ ഒരു അറിയിപ്പ്‌ കൊടുക്കാൻ പ്രത്യേകം ഒന്ന് ശ്രദ്ധ വെക്കുക! അത്‌ കൊണ്ട്‌ പ്രശ്നം തീരുമെന്നല്ല! മറിച്ച്‌ ഈ പറയപ്പെടുന്ന ആങ്ങളമാർ വെറും 'സദാചാര' ആങ്ങളമാരല്ലെന്നും അവർ നമുക്ക്‌ നേരെ‌ പറഞ്ഞയക്കപ്പെട്ട ജാതി മത രാഷ്ട്രീയ ഗുണ്ടകളാണെന്നും കൃത്യമായി വെളിപ്പെടാൻ വേണ്ടിയാണു! പിന്നെയുള്ള ഉത്തരവാദിത്വം ജനങ്ങൾക്കും കോടതിക്കും ഭരണകൂടങ്ങൾക്കുമായിരിക്കും! ഏത്‌ തരം സദാചാര സംസ്ഥാപനവും മതരാഷ്ട്ര സംസ്ഥാപനത്തിനുള്ള കുറ്റിയടിക്കൽ ചടങ്ങാണെന്ന് നമ്മൾ അറിഞ്ഞേ പറ്റൂ! സ്ഥലമളവ്‌‌ നേരത്തേ കഴിഞ്ഞിട്ടുള്ളതാണു!


അത്‌ കൊണ്ട്‌ സ്വയം ആരാണെന്ന് വെളിപ്പെടുത്തൂ!അത്യാവശ്യസമയത്തെങ്കിലും.

WHO ARE YOU?

അതാണിവിടുത്തെ പ്രധാനപ്പെട്ട ചോദ്യം!അനാവാശ്യജിജ്ജാസ ഒഴിവാക്കി,നമ്മുടെ എന്ന പോലെ മറ്റുള്ളവരുടേയും ജീവിതത്തെ കഴിയുന്നത്ര ഭംഗിയോടെ നോക്കിക്കാണാൻ നമുക്കെല്ലാർക്കും ഒരുവേള ശ്രമിച്ചു നോക്കാം!


എല്ലാവരോടും സ്നേഹം...

333 views0 comments